എം‌ടിയും മോഹന്‍‌ലാലും ഒന്നിക്കുന്നു!

എം‌ടിയും മോഹന്‍‌ലാലും ഒന്നിക്കുന്നു!
..........................
.......................
മലയാളത്തിലെ
എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ എം‌ടി വാസുദേവന്‍
നായരും അഭിനയചക്രവര്‍ത്തിയായ മോഹന്‍‌ലാലും ഒന്നിക്കുന്നു. കുമാരനാശാന്റെ
ഖണ്ഡകാവ്യമായ കരുണയാണ് എം‌ടിയുടെ തൂലികയിലൂടെ തിരക്കഥയാകുന്നത്.
മമ്മൂട്ടിയെ നായകനാക്കി എം‌ടിയുടെ തിരക്കഥയില്‍ സുകൃതം എന്ന ചിത്രം ചെയ്ത
ഹരികുമാറാണ് ചിത്രം സം‌വിധാനം ചെയ്യുക. ‘ഒരു വടക്കന്‍ വീരഗാഥ’, ‘ദയ’,
‘പഴശ്ശിരാജ’ തുടങ്ങിയ തിരക്കഥകള്‍ക്ക് ശേഷം എം‌ടി വീണ്ടും പുരാണേതിഹാസ
രചനയിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഉത്തരമഥുരാപുരിയിലെ
കുപ്രസിദ്ധവേശ്യയായ വാസവദത്തയ്ക്ക് ബുദ്ധസന്യാസിയായ ഉപഗുപ്തനോട് തോന്നുന്ന
അനുരാഗത്തിന്റെ കഥ പറയുന്ന ഖണ്ഡകാവ്യമാണ് കരുണ. ഉപഗുപ്തനെ പലവട്ടം ആളയച്ചു
ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക്
ലഭിച്ചിരുന്നത്. അവസാനം രാജാവിന്റെ അപ്രീതിക്ക് പാത്രമായി, കൈയ്യും കാലും
ഛേദിച്ചനിലയില്‍ ശ്മശാനത്തില്‍ തള്ളപ്പെടുന്ന വാസവദത്തയെക്കാണാന്‍
ഉപഗുപ്തന്‍ എത്തുന്നു. ഉപഗുപ്തനില്‍ നിന്ന് ബുദ്ധ സൂക്തങ്ങള്‍ ഏറ്റുവാങ്ങി
ആത്മശാന്തിയോടെ കണ്ണടയ്ക്കുന്ന വാസവദത്തയെ ആര്‍ക്ക് മറക്കാന്‍ കഴിയും!

അതീവസുന്ദരിയായ
വാസവദത്തയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ തക്കവണ്ണം സൌന്ദര്യവും കഴിവും
ഉള്ള ഒരൊറ്റ തെന്നിന്ത്യന്‍ നടിമാരെയും കണ്ടെത്താന്‍ ഹരികുമാറിന്
കഴിഞ്ഞിട്ടില്ലത്രേ. ബോളിവുഡില്‍ നിന്ന് ആരെയെങ്കിലും ഈ വേഷം ചെയ്യാന്‍
ക്ഷണിക്കുമെന്ന് അറിയുന്നു. കരുണയുടെ യഥാതഥ ചിത്രീകരണമായിരിക്കില്ല ഈ
സിനിമ. പുതിയ കാലഘട്ടത്തിന് അനുസൃതമായി കരുണയുടെ തിരക്കഥയില്‍ എം‌ടി മാറ്റം
വരുത്തും. നമ്മുടെ കാലത്തെ വാസവദത്തയെയും ഉപഗുപ്തനെയുമാണ് എം‌ടി
അവതരിപ്പിക്കുക.

No comments:

Post a Comment